തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി. വാഹന പരിശോധന നടത്തുന്ന പോലീസിനാണ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. വാഹനങ്ങളെ പിന്തുടര്ന്ന് പിടികൂടരുതെന്നാണ് പ്രധാനമായും നല്കുന്ന നിര്‍ദേശം. കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും നിര്‍ദേശത്തിലുണ്ട്.
ഗതാഗത തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തരസന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്താന്‍ പാടില്ല, തിരക്കേറിയ ജംഗ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തിലുണ്ട്. വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടി കൈകൊണ്ടിരിക്കുന്നത്.
നല്‍കിയിരിക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ;
1. ഡ്രൈവര്‍മാരെ പുറത്തിറക്കാതെ അവരുടെ അടുത്തുചെന്ന് പരിശോധന നടത്തണം
2. ഇത്തരം വാഹനപരിശോധന വീഡിയോയില്‍ പകര്‍ത്തണം
3. ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ.
4. അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍ പിന്തുടരരുത്
5. രാത്രിയില്‍ വെളിച്ചമുള്ള സ്ഥലങ്ങളില്‍നിന്നുമാത്രം പരിശോധന നടത്തുക
6. വാഹനപരിശോധനയ്ക്കിടയില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പോലീസ് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കണം
7. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതികള്‍ ലഭിച്ചാലുടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം