തൃശൂര്‍: തൃശൂരിലെ പ്രമുഖമായ തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാനില്ല. അമൂല്യമായ കാശിമാല, ചങ്ങലമാല എന്നിവ ഉള്‍പ്പെടെ 60 പവനോളം വരുന്ന ആഭരണങ്ങളാണ് കാണാതായത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രം മേല്‍ശാന്തിക്ക് ഭരണ സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മേല്‍ശാന്തി സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്കി.
സ്റ്റോക്ക് രജിസ്റ്ററില്‍ 53 മുതല്‍ 478ാം സീരിയല്‍ നമ്പര്‍ വരെയുള്ള ആഭരണങ്ങളില്‍ 25 എണ്ണമാണ് നഷ്ടമായതായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ 28ന് ദേവസ്വം മാനേജരും രണ്ടു ക്ളാര്‍ക്കുമാരും നടത്തിയ കണക്കെടുപ്പിലാണ് ആഭരണങ്ങളില്‍ കുറവ് കണ്ടത്.
മേല്‍ശാന്തിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടു വിവാദം തുടരുന്നതിനിടെയാണ് തിരുവാഭരണങ്ങള്‍ കാണാതായിരിക്കുന്നത്. വിവാദത്തില്‍ കോടതിവിധി ദേവസ്വത്തിനെതിരായിരുന്നു. പിന്നാലെയാണ് സ്റ്റോക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ നോട്ടീസിന് മറുപടി നല്‍കാതിരുന്ന മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ദേവസ്വം ഉത്തരവിറക്കി. ഈ മാസം ആറാം തീയതി വരെ തത്സ്ഥിതി തുടരാനുള്ള കോടതി ഉത്തരവുള്ളതിനാല്‍ ഇന്നലെ വൈകിട്ടും മേല്‍ശാന്തി പൂജാകര്‍മ്മങ്ങള്‍ നടത്തി.
അതിനിടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി രംഗത്തെത്തി. ദേവസ്വം ഭാരവാഹികള്‍ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് വിശ്വസിക്കുന്നതായും മേല്‍ശാന്തി പറഞ്ഞു.