തൃക്കരിപ്പൂര്‍: ‘ഞാന്‍ പണം തിരിച്ചു തരാം, അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നത്. ഞാന്‍ കള്ളനല്ല’ മോഷണ ശേഷം വീടിന്റെ ചുമരില്‍ ഇങ്ങനെ എഴുതിയിട്ടാണ് കള്ളന് സ്ഥലം വിട്ടത്.
ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ ഉദിനൂരിലെ വീടുകളിലാണ് കവര്‍ച്ച നടത്തിയത്. രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവാണ് കുറിപ്പെഴുതി വച്ചത്. ഉദിനൂര്‍ പള്ളിക്ക് സമീപത്തെ സികെ റാഷിദിന്റെ വീട്ടിലാണ് ചുമരില്‍ കുറിപ്പെഴുതിയ നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഉദിനൂരിലെ രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നത്. റാഷിദിന്റെ വീട്ടുകാര്‍ വടക്കെ കൊവ്വലിലെ ബന്ധുവിന്റെ മരണവിവരം അറിഞ്ഞ് അവിടേക്ക് പോയതായിരുന്നു. ഈ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പു മുറികളിലെ അലമാര കുത്തിത്തുറന്ന് രണ്ടു പവന്റെ സ്വര്‍ണാഭരണങ്ങളും 32,000 രൂപയും കവര്‍ച്ച ചെയ്ത് സ്ഥലം വിടുകയായിരുന്നു.
പരത്തിച്ചാലിലെ എജി ആയിഷയുടെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇവിടെ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്നു വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം സംബന്ധിച്ച് പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.