തൊടുപുഴ: നാടിനെ നടുക്കിയ സംഭവമാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം. ഇപ്പോള്‍ കേസിലെ 26-ാം പ്രതിയായ മുഹമ്മദ് റിസ പഠിക്കാനെത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍എല്‍ബി കോഴ്സ് പഠിക്കാന്‍ എത്തിയ മുഹമ്മദ് റിസയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്. പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് മുഹമ്മദ് റിസയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തിയത്.
ക്ലാസ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് റിസ കോളേജിലെത്തിയത്. എന്നാല്‍ ഗേറ്റ് പൂട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോളേജിന് മുന്പില് കുത്തിയിരുപ്പ് സമരവും നടത്തി. ശേഷം പോലീസ് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. അഭിമന്യു വധക്കേസില്‍ റിസയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കോടതിയുടെ ഉത്തരവനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. അഭിമന്യു വധക്കേസില്‍ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും.