സുല്‍ത്താന്‍ ബത്തേരി: പളളീലച്ചന്റെ കുട്ടിയെ കുറിച്ച് കവിതയെഴുതി വിവാദത്തില്‍പ്പെട്ട് വയനാട് പുല്‍പ്പളളി പഴശ്ശിരാജ കോളേജ് മാഗസിന്. ക്രൈസ്തവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന കവിത പിന്‍വലിക്കാതെ മാഗസിന് പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നാണ് കത്തോലിക്കാ കോളേജ് മാനേജ്മെന്റിന്റെ നിലപാട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പുരോഹിതനെതിരെയാണ് മാഗസിനിലെ കവിത.
സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുളളതാണ് പഴശ്ശിരാജ കോളേജ്. വൈദികനായ റോബിന് വടക്കുംചേരിക്കെതിരെ എഴുതിയ കവിതയാണ് വിവാദമായിരിക്കുന്നത്. കവിത പിന്‍വലിക്കാന്‍ മാഗസിന് എഡിറ്റര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മാഗസിന് പുറത്തിറക്കാന്‍ മാനേജ്മെന്റ് അനുമതി നല്‍കിയില്ല. വയറ്റാട്ടി എന്ന പേരിലാണ് മാഗസിന് പുറത്തിറക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്.
‘പളളീലച്ചന് കുട്ടീടച്ഛനായപ്പോള്‍,
ദൈവം പോലും ഡിഎന്‍എ ടെസ്റ്റില്‍ അഭയം തേടി,
ഉത്തരമില്ലാത്ത ചോദ്യങ്ങളൊക്കെയും ഒന്നുകൂടെ
റീ- പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരും’ – ഈ നാലുവരി കവിതയാണ് വിവാദമായിരിക്കുന്നത്.
കണ്ണൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍ പളളിയിലെ വികാരിയായിരിക്കുമ്പോഴാണ് ഫാ. റോബിന് വടക്കുംചേരി പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയത്. ഈ കവിത പിന്‍വലിക്കാതെ മാഗസിന് പ്രസിദ്ധീകരിക്കാന്‍ ഒരു കാരണവശാലും അനുമതി നല്‍കില്ലെന്ന് പ്രിന്‍സിപ്പല്‍ എഒ റോയ് പറഞ്ഞു. ‘ഈ കവിത അങ്ങേയറ്റം അസംബന്ധവും അപകീര്‍ത്തികരവുമാണ്.
ക്രൈസ്തവ മാനേജ്മെന്റിന് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനമാണ് ഈ കോളേജ്. ക്രൈസ്തവ വിശ്വാസങ്ങളെ ബാധിക്കുന്നതാണ് കവിതയിലെ പ്രമേയം അതുകൊണ്ടു തന്നെ ഈ കവിതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
എന്നാല്‍ സമകാലീന സംഭവങ്ങളെക്കുറിച്ചെല്ലാം മാഗസിനില്‍ പ്രതിപാദിക്കുന്നുണ്ട്. അത്തരമൊരു വിഷയമായിരുന്നു വൈദികന്റെ ലൈംഗിക പീഡന വിവാദം. കവിത പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റമാണെന്ന് മാഗസിന് എഡിറ്റര്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു.
ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരായി ഒന്നും തന്നെ ഈ കവിതയിലില്ല. നിര്‍ദോഷമായ നാലേനാലു വരികളാണ് ഈ കവിതയിലുളളത്. ഒരു കാരണവശാലും കവിത പിന്‍വലിക്കില്ലെന്നും മാഗസിന് എഡിറ്റര്‍ പറഞ്ഞു.
കവിത പിന്‍വലിക്കാതെ മാഗസിന് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്. ഇതുകൊണ്ട് മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കേണ്ട മാഗസിന് ഇനിയും പ്രിന്റിങ്ങിന് പോയിട്ടില്ല. മാഗസിന് പ്രിന്റ് ചെയ്യാന്‍ ആവശ്യമായ 40,000 രൂപ നല്കാന് മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു