തൃശ്ശൂര്‍: എങ്ങനെ സ്ഥാനാര്ത്ഥിയാവാതിരിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തന്നെ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. സിനിമയില്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വന്നത്. താത്കാലികമായി സിനിമയെ മാറ്റി നിര്‍ത്തി അങ്ങനെ താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. കുറെ കാലമായി താന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക നില പരുങ്ങലില്‍ ആയി വരുന്നതുകൊണ്ട് അഭിനയത്തിലേക്കു തന്നെ തിരിച്ച് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. കാരണം തനിക്ക് ആകെ അറിയാവുന്ന പണി സിനിമ മാത്രമാണ്. നല്ല ഓഫറുകള്‍ കിട്ടിയിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ വന്നതും സ്ഥാനാര്‍ത്ഥിയാവാന്‍ തീരുമാനിക്കുന്നതുമെന്ന് സുരേഷ് ഗോപി പറയുന്നു.
തിരുവനന്തപുരത്ത് മത്സരിക്കാനായിരുന്നു ആദ്യം പേരു വന്നത്. എന്നാല്‍ അവിടെ കുമ്മനം രാജശേഖരനെ താന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിലായി തന്റെ പേര്. സ്ഥാനാര്‍ത്ഥിയാവാതെ എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചനയിലായിരുന്നു അപ്പോള്‍ താനെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പിന്നീട് തൃശ്ശൂരില്‍ മത്സരിക്കാമെന്ന് താന്‍ അറിയിച്ചു. കാരണം തൃശ്ശൂര്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു നീക്കിവച്ചിരിക്കുന്ന സീറ്റാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അങ്ങനെ പറഞ്ഞത്. അതൊരു അഭിനേതാവിന്റെ തന്ത്രമായിരുന്നെന്നും എന്നാല്‍ തുഷാര്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് അറിയിച്ചതോടെ താന്‍ തൃശ്ശൂരില്‍ സ്ഥാനാര്ത്ഥിയാവുകയായിരുന്നെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.