തിരുവല്ല: തിരുവല്ലയില്‍ പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍
യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് മരിച്ചത്. രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിന് റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത.
സംഭവം നടന്ന അന്നുതന്നെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. നിലവില്‍ അജിന് റെജിന്‍ മാത്യു മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ കൊലപാതകക്കേസായി മാറും.