കൊല്ലം: കിണറുകളും പുഴകളും വറ്റി വരണ്ടു, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി പച്ചപ്പ് നഷ്ടപ്പെട്ടു. മീനമാസച്ചൂടില്‍ വെന്തുരുകുകയാണ് കേരളം ഇപ്പോള്‍. ദിനംപ്രതി ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതലും ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇനിയും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കൊല്ലം ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. വേനല്‍ കടുത്തതോടെ കൊല്ലത്തിന്റെ മലയോര മേഖല ചുട്ടുപൊള്ളുകയാണ്. 39 ഡിഗ്രിയോളമാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു.
പ്ലസ് ടു വിദ്യാര്‍ത്ഥിയും ഫിഷറീസ് വകുപ്പിലെ താത്കാലിക ജീവനക്കാരനുമാണ് സൂര്യാഘാതത്തില്‍ പരിക്കേറ്റവരില്‍ രണ്ടു പേര്. തെന്മലയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി സെയ്ദലിക്ക് സൂര്യാഘാതമേറ്റത്.
കനത്ത ചൂടില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.