കൊച്ചി: നഗരത്തിലെ മാലിന്യനീക്കം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും സിസിടിവി ക്യാമറകളും സ്ഥാപിക്കും. മാലിന്യം വേര്‍തിരിച്ച് എത്തിക്കുന്നുവെന്ന് ഉറപ്പാക്കും. പൂര്‍ണ്ണമായും മറച്ച വാഹനങ്ങളില്‍ അല്ലാതെ മാലിന്യം എത്തിച്ചാല്‍ നഗരസഭകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടതായി വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്ലാന്റിലെ സുരക്ഷയും സൗകര്യങ്ങളും കൂട്ടാന്‍ ഉള്ള നടപടികള്‍ തുടങ്ങിയതായി ബോധ്യപ്പെട്ടു. ഇനി മാലിന്യം നിറച്ച വണ്ടികള്‍ എത്തിയാല്‍ തടയില്ലെന്നും എന്നാല്‍ ഇവ അടച്ച വാഹനങ്ങള്‍ എന്ന് ഉറപ്പു വരുത്തണമെന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
അതേസമയം, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിട്ടാല്‍ മാത്രം പ്ലാന്റിനെതിരെ സ്റ്റോപ്പ് മെമോ നല്കുന്ന കാര്യം ആലോചിക്കും എന്നും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പികെ വേലായുധന് കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെ ഉണ്ടായ വന്‍ തീപിടുത്തത്തെ തുടര്‍ന്നാണ് കൊച്ചി നഗരത്തിലെ മാലിന്യനീക്കം അവതാളത്തിലായത്. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിന് ശേഷം തീ അണച്ചെങ്കിലും പ്ലാന്റില്‍ മാലിന്യം തള്ളാന്‍ പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പ്ലാന്റിലെ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് മാലിന്യനീക്കം നാളെ മുതല്‍ പുനരാരംഭിക്കുന്നത്.