പൊന്നാനി: മുപ്പത് പവനോളം സ്വര്‍ണ്ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. മലപ്പുറത്തെ പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വര്‍ണ്ണം വെള്ളിയായി മാറിയത്.
ഹനീഫയുടെ മകളുടെ വിവാഹം നടന്ന് ഏതാനും ദിവസത്തിന് ശേഷമാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വര്‍ണ്ണവും, വിവാഹത്തിനായി എത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണ്ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലായി. ഈ കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ ആഭരണത്തിന്റെ നിറം മാറുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ കല്യാണത്തിരക്ക് മൂലം ഇക്കാര്യം അവര്‍ ഗൗരവമായി എടുത്തില്ല. ഒരു ദിവസത്തിന് ശേഷം സ്വര്‍ണ്ണത്തിന്റെ മഞ്ഞനിറം മാറി വെള്ളിയായതോടെ വീട്ടുകാര്‍ ആശങ്കയിലായി. ഇതിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതിനാല്‍ വിദഗ്ധ പരിശോധന നടത്താനായി ഒരുങ്ങുകയാണ് വീട്ടുകാര്‍. അമോണിയത്തിന്റെ അംശം ആഭരണങ്ങളില്‍ പറ്റിയതാവാം നിറം മാറ്റത്തിന് പിന്നിലെന്നാണ് സംശയം. കടല്‍ത്തീരത്താണ് ഇവരുടെ വീട് എന്നതിനാല്‍ ഏതെങ്കിലും വിധത്തിലെ രാസപ്രവര്‍ത്തനമാകാം സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.