തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 6,87,843 പേര്‍ക്ക് ഇതുവരെ അടിയന്തര ധനസഹായമായ 10,000 രൂപവീതം നല്‍കിയിട്ടുണ്ട്. ഇതുവരെ നഷ്ടം കണക്കാക്കിയിട്ടുള്ളതിനു പുറമെ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവരെയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തിര ധനസഹായം നല്കിയവരില് 77,041 പേര് അപ്പീലുകള്‍വഴി സഹായത്തിന് അര്‍ഹരായവരാണ്. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് പോയവര്‍ക്ക് നല്‍കിയതിന് പുറമെ 52,00,054 ലക്ഷം ചെലവില്‍ ഒക്ടോബര്‍മുതല്‍ -ഡിസംബര്‍വരെ 1,05,838 കിറ്റ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കന്നുകാലികള്‍ നഷ്ടമായ 2765 കര്‍ഷകര്‍ക്ക് 21.71 കോടിയുടെ ആനുകൂല്യങ്ങള്‍ നല്കി.
ദുരന്തനിവാരണഫണ്ടില്‍നിന്ന് 2,38,376 കര്‍ഷകര്‍ക്ക് 69.10 കോടി നല്കി. 2,24,210 കര്‍ഷകര്‍ക്ക് 110 കോടിയുടെ സഹായം ബജറ്റില്‍നിന്ന് കാര്ഷികസഹായമായി നല്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 60,996 പുതിയ തൊഴില്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതിലൂടെ 4.93 കോടി അധിക തൊഴില്‍ദിനം സൃഷ്ടിച്ചു. 94,891 പേര്‍ക്ക് 732.46 കോടി പലിശയിതര വായ്പയായി കുടുംബശ്രീവഴി നല്കയിട്ടുണ്ട്.
13,362 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 9431 പേര്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. ബാക്കിയുള്ളവ കെയര്‍ ഹോം, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പൂര്‍ത്തീകരിക്കും. ഭാഗികമായി തകര്‍ന്ന വീടുകളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടത്തിന്റെ തോത് കണക്കാക്കി ധനസഹായം വിതരണം ചെയ്യുന്നത്. വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് 54,792 അപ്പീലും പരാതികളും ലഭിച്ചിട്ടുണ്ട്.