കണ്ണൂര്‍: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഉടന്‍ തുടങ്ങും. തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് കിയാല്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
ഗോ എയര്‍, ഇന്‍ഡിഗോ കമ്പനികളുടെ സമ്മര്‍ ഷെഡ്യൂളില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍ഇന്ത്യ എക്സ്പ്രസ് ആഭ്യന്തരസര്‍വ്വീസ് തുടങ്ങുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള സര്‍വ്വീസും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ജനുവരി 25 മുതല്‍ അഞ്ചു സ്ഥലങ്ങളിലേക്ക് ഇന്‍ഡിഗോ ആഭ്യന്തരസര്‍വ്വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇതില്‍ ഡല്‍ഹി ഉള്‍പ്പെട്ടിട്ടില്ല.
കൂടാതെ ഗോ എയറിന്റെ സമ്മര്‍ ഷെഡ്യൂളിലും ഡല്‍ഹി ഇല്ല. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ കണ്ണൂരിലേക്കു കൊണ്ടുവരാന്‍ വേണ്ടി ഗോ എയര്‍ കഴിഞ്ഞയാഴ്ച നാലു ദിവസം ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ അന്താരാഷ്ട്ര സര്‍വ്വീസുകളും തുടങ്ങുന്നുണ്ട്. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യസര്‍വ്വീസ്.