തൃശൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയംനടിച്ചു യുവതിയെ കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കുന്നംകുളം സ്വദേശിനിയായ യുവതിയാണു തട്ടിപ്പിനിരയായത്. സംഭവത്തില്‍ പൂവ്വത്തൂര്‍ കൂമ്പുള്ളി പാലത്തിനു സമീപം പന്തായില്‍ ദിനേഷിനെയാണ് പിടികൂടിയത്.
ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്ന സന്ദേശങ്ങള്‍ക്കെല്ലാം ലൈക്കടിച്ച് യുവതിയെ പരിചയത്തിലാക്കി. ശേഷം പ്രണയം നടിച്ച് യുവതിയെ കാണുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി യുവതിയില്‍ നിന്നും 40 പവന് സ്വര്ണാഭരങ്ങള് കൈക്കലാക്കി. ശേഷം ആഭരണങ്ങള്‍ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചു. തിരിച്ചു തരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണാഭരണങ്ങള്‍ കിട്ടാതെ വന്നതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ആറുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണു ജോലി ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതി പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.