കൊച്ചി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി മനോജ് സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
കേസെടുത്തത് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന് ബെഞ്ചാണ്. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്ട്ടിന്മേലുള്ള ഹര്‍ജി കോടതി പരിഗണിക്കും.
സ്പെഷല്‍ കമ്മീഷണര്‍ കോടതിക്ക് നല്കിയ റിപ്പോര്‍ട്ട് ചിത്തിര ആട്ടവിശേഷത്തിന് രണ്ടു ദിവസത്തേക്ക് നടതുറന്നപ്പോള്‍ നടപ്പന്തലില്‍ വെച്ച് സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം, പതിനെട്ടാംപടിയിലുണ്ടായ ആചാരലംഘനങ്ങള്‍, ശബരിമലയിലെ സൗകര്യങ്ങളിലുള്ള ഭക്തരുടെ പരാതികള്‍, പോലീസ് ക്രമീകരണങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെട്ടതാണ്.