തിരുവന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന രഥയാത്രയ്ക്ക് അവസാനിക്കുന്നതോടെ കേരളം ബിജെപിയ്ക്ക് വഴങ്ങുന്ന മണ്ണായി മാറുമെന്ന് പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മയുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യുദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ലാ മതവിശ്വാസികളും ഒപ്പമുണ്ടെന്നും പിഎസ് ശ്രീധരന് പിള്ള അവകാശപ്പെട്ടു. ശബരിമല പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിമുന്നിര്ത്തി എന്‍ഡിഎ നടത്തുന്ന രഥയാത്രയക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
തന്റെ പേരില്‍ ഏഴ് കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. എറണാകുളത്ത് സിപിഎം പ്രവര്‍ത്തകനും കോഴിക്കോട് വീക്ഷണം റിപ്പോര്‍ട്ടറുമാണ് തനിക്കെതിരെ കേസ് കൊടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു. എനിക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ താന്‍ വെറുതേയിരിക്കില്ലെന്നും തനിക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാമെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു. യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും ഇനിയും പറയുമെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.