വയനാട്: പ്രളയം തകര്‍ത്താടിയ വയനാട്ടില്‍ വിനോദസഞ്ചാരമേഖല പതിയെ പഴയ പ്രതാപം വീണ്ടെടുക്കുന്നു. ടൂറിസംകേന്ദ്രങ്ങള്‍ മിക്കതും തുറന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. വയനാട് സഞ്ചാരയോഗ്യമാണെന്ന് വിളംബരംചെയ്ത് യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലം കൂടിയാണ് ഈ തിരിച്ച് വരവ്.
പ്രളയം വിനോദസഞ്ചാര മേഖലയെ വലിയ രീതിയില്‍ത്തന്നെ തകര്‍ത്തിരുന്നു. പൂജ അവധിനാളുകളില്‍ സന്ദര്‍ശകരെക്കൊണ്ട് നിറയുന്ന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആളൊഴിഞ്ഞുകിടന്നു. ഈയവസ്ഥയില്‍ മാറ്റമുണ്ടായെന്നാണ് നവംബറിന്റെ തുടക്കത്തില്‍ ലഭിക്കുന്ന ഈ സൂചനകള്‍.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. എങ്കിലും വിജനമായിക്കിടന്ന ടൂറിസം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നത് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പ്രളയാനന്തര വയനാട് സഞ്ചാരയോഗ്യമാണെന്ന പ്രചാരണം അയല്ജില്ലകളിലെ സഞ്ചാരികളെ എത്തിക്കാന്‍ സഹായകമായി. റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ബുക്കിങ് വന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് ബുക്കിങ്ങില്‍ വര്‍ധനയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന റെയ്നോള്‍ഡ് ജോണ്‍ പറഞ്ഞു.