ആലപ്പുഴ: തൊണ്ണൂറ്റിയേഴാം വയസ്സില്‍ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മയ്ക്ക് ആഗ്രഹസഫലീകരണം. ആഗ്രഹം പോലെ തന്നെ കാര്‍ത്ത്യായനിയമ്മയ്ക്ക് കമ്പ്യൂട്ടറും ലഭിച്ചു. പൊതു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആണ് ലാപ്ടോപ് സമ്മാനിച്ചത്.
സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്ഷരലക്ഷം തുല്യതാപരീക്ഷയില്‍ 97-ം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങിയാണ് ആലപ്പുഴയിലെ കാര്‍ത്ത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. അറിവിനോടും അക്ഷരത്തോടുമുള്ള അഭിനിവേശം കെടാതെ സൂക്ഷിച്ച കാര്‍ത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി ലാപ്ടോപ് വാങ്ങി നല്‍കുകയായിരുന്നു.
കാര്‍ത്യായനിയമ്മയെ അനുമോദിക്കാന്‍ വീട്ടിലെത്തിയതായിരുന്നു മന്ത്രി. അക്ഷരലക്ഷം തുല്യതാപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ തനിക്ക് കമ്പ്യൂട്ടര്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞിരുന്നു. ഇതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി ലാപ്ടോപ് വാങ്ങി നല്‍കുകയായിരുന്നു.
ലാപ്ടോപ് കിട്ടിയ ഉടന്‍ തന്നെ കാര്‍ത്ത്യായനി അമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്തവര്‍ഷം പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാര്‍ത്ത്യായനി അമ്മ പങ്കുവെച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍, SIET ഡയറക്ടര്‍ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.