ശബരിമല: ചിത്തിരആട്ടതിരുന്നാള്‍ വിശേഷാല്‍ പൂജയ്ക്കായി തുറന്ന ശബരിമല നട അടച്ചു. ആട്ടവിശേഷ പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടിയാണ് നട അടച്ചത്.
നേരത്തെ തന്നെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടുന്നത് നിര്‍ത്തിയിരുന്നു. വിശേഷാല്‍ പൂജയ്ക്കായി ഇന്നലെ വൈകുന്നേരമായിരുന്നു നട തുറന്നത്. രണ്ടാംദിവസം രാവിലെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം വൈകീട്ടോടെ ആചാരലംഘനവിവാദവും ശബരിമലയില്‍ ഉയര്‍ന്നിരുന്നു.
ഇത്തവണ ആയിരത്തിലേറെ പോലീസുകാരുടെ സുരക്ഷയുടെ നടുവിലായിരുന്നു ശബരിമല. പതിനായിരത്തിലേറെ പേരും ദര്‍ശനത്തിനായി ശബരിമല കയറി. ബിജെപിയും ആര്‍എസ്എസും പ്രതിഷേധങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് നേതാക്കള്‍ തന്നെ മലചവിട്ടി സന്നിധാനത്തെത്തുന്ന കാഴ്ചയും കാണാനായി. ഇനി മണ്ഡലകാലമാണ് വരുന്നത്. മണ്ഡലകാലം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രമാണുള്ളത്.
ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസുമാണ് വിവാദത്തില്‍ കുടുങ്ങിയത്. ആചാരലംഘനം നടത്തിയതായി വത്സന് തില്ലങ്കേരി സമ്മതിക്കുകയം ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയതില്‍ പരിഹാര ക്രിയകള്‍ ചെയ്തെന്നും തില്ലങ്കേരി പറഞ്ഞു.