കൊച്ചി: ശബരിമലയില്‍ താന്‍ ആചാര ലംഘനം നടത്തിയെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ നിന്നത് അറിവില്ലായ്മകൊണ്ടാണ്, അയ്യപ്പന് തന്നോട് ക്ഷമിക്കട്ടെ. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇതുണ്ടായതെന്നും തില്ലങ്കേരി പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റ് എന്ന പരിപാടിയിലാണ് ആചാരലംഘനം നടത്തിയതായി സമ്മതിച്ചത്.
തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് വലിയ വിവാദമായിരുന്നു. ആചാരം സംരക്ഷിക്കാന്‍ പേരില്‍ സന്നിധാനത്ത് സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചതിന് നേതൃത്വം കൊടുത്ത നേതാവാണ് വത്സന് തില്ലങ്കേരി.
ഇന്ന് രാവിലെ വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി പുറം തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്ന് വത്സനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്നാണ് വത്സന് തില്ലങ്കേരി പ്രതികരിച്ചിരുന്നത്. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാന്‍ തയ്യാറാണ്. വേണമെങ്കില്‍ വീഡിയോ ദൃശ്യം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പതിനെട്ടാംപടിയില്‍ നിന്ന് പ്രക്ഷോഭകരെ അഭിസംബോധന ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വരികയും അതില്‍ ആചാര ലംഘന നടന്നതായി തെളിയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമര്‍ശനവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തില്ലങ്കരി വിശദീകരണവുമായെത്തിയത്.