ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയ വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും കുടുങ്ങി. ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ സംഭവം അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു ദേവസ്വംബോര്‍ഡ് അംഗം കെപിശങ്കരദാസും വിവാദത്തില്‍പ്പെട്ടത്. ഇദ്ദേഹവും ആചാരലംഘനം നടത്തി പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സന്നിധാനത്ത് ആഴിപൂജയ്ക്കു വേണ്ടി തന്ത്രിയും മേല്ശാന്തിയുമടങ്ങുന്ന സംഘത്തിനൊപ്പം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്തതാണ് ശങ്കരദാസിനു കുരുക്കായത്. തിങ്കളാഴ്ച നട തുറന്ന സമയത്തായിരുന്നു സംഭവം. ആഴിപൂജയ്ക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ പടിയിറങ്ങിയായിരുന്നു എത്തിയിരുന്നത്. പൂജയ്ക്കു ശേഷം തിരികെ പതിനെട്ടാംപടി കയറുകയും ചെയ്യും. ഈ സംഘത്തിനൊപ്പമാണ് ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസും പോയത്.
ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നു വല്സന് തില്ലങ്കേരി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനെ തുടര്‍ന്നുള്ള ബഹളത്തിനിടയിലായിരുന്നു വല്സന് പതിനെട്ടാംപടി കയറിയത്. പ്രത്യേക സാഹചര്യത്തിലാണു താന്‍ പടി കയറിയതെന്നും അല്ലെങ്കില്‍ അവിടെ വലിയ പ്രശ്നമുണ്ടാകുമായിരുന്നെന്നും വല്സന് പറഞ്ഞു.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടുന്നത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവാദമുള്ളത് പന്തളം രാജകുടുംബത്തിനും തന്ത്രിക്കും മേല്‍ശാന്തിക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് വിവാദമായ സാഹചര്യത്തിലാണ് തന്ത്രിയുടെ പ്രതികരണം.