ശബരിമല: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി വൈകീട്ട് അഞ്ചിന് തുറന്ന ശബരിമല നട ഇന്നത്തെ പൂജകള്‍ക്കുശേഷം ഹരിവരാസനം പാടി അടച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് വീണ്ടും തുറക്കും.
വൈകിട്ട് 4.55നാണ് നട തുറന്നത്. ചൊവ്വാഴ്ച രാത്രി പത്തിന് നട അടയ്ക്കും. ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
നേരത്തെ മലകയറിയ നിരവധി പേര് രാത്രി വൈകിയും സന്നിധാനത്ത് തുടരുകയാണ്. പോലീസിന്റെ കനത്ത സുരക്ഷയുണ്ടെങ്കിലും നടപ്പന്തലില്‍ എല്ലാവരും ഒത്തുകൂടി അവിടെ വിരിവെച്ച് തുടരുക എന്ന തീരുമാനത്തിലാണ് ഭക്തര്‍. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഇല്ല. രാവിലെ ദര്‍ശനത്തിനായി നിരവധി പേര് ഇപ്പോഴും പമ്പയില്‍ നിന്ന് മല കയറുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ഒരുക്കിയത്. നേരത്തെ ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അഞ്ജു എന്ന യുവതിയും ഭര്‍ത്താവും കുട്ടികളും എത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാത്രി വൈകിയും അവര്‍ പമ്പയിലെ പോലീസ് കണ്ട്രോള് റൂമില്‍ തുടരുകയാണ്.
ഇവരെ തല്ക്കാലം സന്നിധാനത്തേക്ക് കൊണ്ടുപോകേണ്ട എന്ന തീരുമാനത്തിലാണ് പോലീസ്. ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍നിന്ന് യുവതി പിന്മാറിയ സാഹചര്യത്തിലാണിത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ദര്‍ശനത്തിന് എത്തിയതെന്ന് യുവതി പറയുന്നു. എന്നാല്‍, കുടുംബത്തോടൊപ്പം ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്.