തിരുവനന്തപുരം: ദുരന്തം പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളില്‍ ദുരന്ത നിവാരണ അതോറിറ്റി പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കോടിക്കണക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിച്ചില്ലെന്ന് സോഷ്യല്‍ ഓഡിറ്റിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ദുരന്ത നിവാരണ അതോറിറ്റി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരാവകാശപ്രവര്ത്തകന് അഡ്വ. ഡിബി ബിനുവിന് നല്കിയ വിവാരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
സംസ്ഥാനത്തിന്റെ 55.5 ശതമാനം പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. 14.5ശതമാനം പ്രദേശം വെളളപ്പൊക്ക സാധ്യതയുളളതാണ്. 14.4 ശതമാനം മണ്ണിടിച്ചലിന് സാധ്യതയുളള പ്രദേശങ്ങളാണ്. ഇങ്ങനെ ഓരോന്നും മുന്‍കൂട്ടി കണ്ടപ്പോഴും ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട് ഓരോ പ്രദേശത്തും ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഫണ്ടില്‍ നിന്ന് തുക കാര്യമായി ചെലവഴിച്ചിട്ടില്ലെന്ന് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ജില്ലാ അതോറിറ്റികള്‍ നല്കിയ 204 പേജുളള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് വേണ്ടവിധം ഉപയോഗിക്കാതിരിക്കുന്നത്. കേരളത്തെ പിടിച്ചുലച്ച പ്രളയം ഉണ്ടായപ്പോള്‍പോലും ഡാം തുറന്ന് വിട്ടാല്‍ വെളളം ഏതൊക്കെ വഴി ഒഴുകിപ്പോകുമെന്ന് വ്യക്തമാക്കുന്ന മാപ്പ് പോലും ഉണ്ടാക്കിയില്ല.
ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട് നേരത്തേ തയ്യാറാക്കേണ്ടതാണ് ഇത്. പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും നേരിട്ട് തുകയൊന്നും ചെലവാക്കിയിട്ടും ഇല്ല.