പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടത്തിനായി നട തുറക്കാനിരിക്കെ കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ തടയാനായി വെല്ലുവിളിച്ചും പ്രകോപനവുമായി അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും രംഗത്ത്. പോലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്. അവരെപ്പോലെ തങ്ങളും തയ്യാറെടുപ്പില്‍ തന്നെയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
ശബരിമലയിലേക്ക് പോകാനുള്ള വഴിയില്‍ വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ അഞ്ച് ദിവസം പ്രതിരോധിച്ചത് പോലെ ഇനിയും ഒരു ദിവസം കൂടി പ്രതിരോധിച്ചാല്‍ ഒരു പക്ഷേ ചരിത്ര വിജയമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂല തീരുമാനങ്ങള്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പൊലീസുകാര്‍ നടത്തുന്ന തയ്യാറെടുപ്പുകളും വീഡിയോയിലൂടെ രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തെ ശബരിമല പ്രക്ഷോഭങ്ങളുടെ പേരില്‍ രണ്ട് തവണ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും ലഭിച്ചിരുന്നു. നവംബര്‍ അഞ്ചിന് സന്നിധാനത്ത് ആവശ്യമായതിനാലാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നാണ് രാഹുലിന്റെ അഭിപ്രായം. നേരത്തെ ശബരിമല പ്രക്ഷോഭകാരികള്‍ക്ക് വിതരണം ചെയ്യാനുള്ള വാക്കിടോക്കികള്‍ കയ്യില്‍ പിടിച്ച് കൊണ്ടുള്ള രാഹുലിന്റെ ചിത്രവും പുറത്തുവന്നിരുന്നു.