ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ജാമ്യത്തില്‍ ഇറങ്ങിയ ഫ്രാങ്കോയ്ക്ക് വന്‍ സ്വീകരണമായിരുന്നു ജലന്ധറില്‍. പുഷ്പാര്ച്ചയോടും മറ്റുമായാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് തുറന്നുപറച്ചിലുമായി ഫ്രാങ്കോയുടെ വരവ്. പീഡന പരാതിയിലുള്ള തന്റെ അറസ്റ്റ് പോലീസിനു മേലുള്ള സമ്മര്‍ദ്ദം മൂലം മാത്രമെന്നാണ് ഫ്രാങ്കോ പറയുന്നത്.
മാധ്യമങ്ങളുടെയും കന്യാസ്ത്രീകളുടെ സമരവും അവരെ പിന്തുണച്ചു കൊണ്ടുള്ള വരവും എല്ലാം സമ്മര്‍ദ്ദത്തിന്റെ ആക്കം കൂട്ടുകയായിരുന്നുവെന്ന് ഫ്രാങ്കോ തുറന്നടിച്ചു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് നടന്നതെന്നും ഫ്രാങ്കോ വെളിപ്പെടുത്തി. ജയിലില്‍ കഴിയുമ്പോഴും ധ്യാനത്തിന് പോയ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒക്ടോബര്‍ 19ന് രാജ്യത്തെ മറ്റു ബിഷപ്പുമാര്‍ക്ക് എഴുതിയ കത്തിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ജയിലിനകത്ത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരിന്നില്ലെന്ന് പറയുന്ന മുളയ്ക്കല്‍ ജയില്‍വാസം 21 ദിവസത്തെ ധ്യാനം പോലെയായിരുന്നുവെന്ന് പറയുന്നു. കൂടുതല്‍ സമയങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവവചനങ്ങള്‍ ചൊല്ലിയും ധ്യാനത്തിലുമായിരുന്നുവെന്നും കത്തില്‍ പറയുന്നു. കേസില്‍ ജാമ്യം കിട്ടിയത് അദ്ഭുതമാണെന്നും ഇതുപോലുള്ള കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ലെന്നും കത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തടവിലായിരുന്നപ്പോള്‍ പിന്തുണ നല്‍കിക്കൊണ്ട് ബിഷപ്പുമാരും പുരോഹിതന്മാരും രാഷ്ട്രീയനേതാക്കളുമടക്കം നിരവധി പേര് വന്നിരുന്നുവെന്നും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്വാഗതം ചെയ്യാനായി കൊന്തയേന്തി ആയിരങ്ങളാണ് എത്തിയതെന്നും കത്തില്‍ പറയുന്നു.