കൊല്ലം: ജയചന്ദ്രന് എസ്എഫ്ഐയുടെ കരുതലില്‍ ഒരുങ്ങിയ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. കൊല്ലത്തു നടന്ന എസ്എഫ്ഐയുടെ 33ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ താല്കാലിക ജീവനക്കാരന് പോളച്ചിറ സ്വദേശി ജയചന്ദ്രന് വീട് നിര്മിച്ചുനല്കാന് തീരുമാനിച്ചത്. സിപിഎം സെക്രട്ടറിയറ്റ് അംഗം കെഎന്‍ ബാലഗോപാല്‍ വീടിന്റെ താക്കോല്‍ ജയചന്ദ്രന് കൈമാറി.
കൊല്ലം എസ്എന്‍ കോളേജ് യൂണിയന്റെ മാഗസിന് ‘സിസേറിയന് ചെയ്യാത്ത കൂവലുകള്‍’ പ്രകാശനം ചെയ്യാന്‍ സംഘാടകര്‍ ജയചന്ദ്രനെയാണ് തെരഞ്ഞെടുത്തത്. മാഗസിന് പ്രകാശനച്ചടങ്ങിലാണ് ജയചന്ദ്രന് തനിക്ക് സ്വന്തമായി വീടില്ലെന്ന ദുഃഖം പങ്കുവച്ചത്.
തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി തുച്ഛ വരുമാനക്കാരനായ ജയചന്ദ്രന് വീട് നിര്മിച്ചുനല്കാന് തീരുമാനിക്കുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രദേശവാസികളുടെ സഹകരണത്തോടെ നെടുങ്ങോലം ഒഴുകുപാറയ്ക്ക് സമീപം നാലുമാസം കൊണ്ട് വീട് നിര്‍മിച്ചു.
ചടങ്ങില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മല്‍ അധ്യക്ഷനായി. ജെ ജയലാല്‍ ഉണ്ണിത്താന് സ്വാഗതം പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ്, സെക്രട്ടറി കെ എം സച്ചിന് ദേവ്, സിപിഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി കെ സേതുമാധവന്, പരവൂര്‍ മുനിസിപ്പല്‍ ചെയര്മാന് കെ പി കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗം എസ് പ്രകാശന്, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ്ആര്‍ ആര്യ, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എം ഹരികൃഷ്ണന്, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ജി പ്രേമചന്ദ്രനാശാന്‍, നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് അനില്‍കുമാര്‍, എം ബി ബിന്ദു, എസ് ശ്രീലാല്‍, എസ് അരവിന്ദ്, യുഎസ് രാഹുല്‍, ശ്യാം മോഹന്‍, അനന്തു, എടി പ്രേം, സിന്ധു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആദര്‍ശ് എം സജി നന്ദി പറഞ്ഞു.