പത്തനംതിട്ട: വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ശബരിമല നട നാളെ തുറക്കും. നട നാളെ തുറക്കാനിരിക്കെ സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി പോലീസ്. പ്രതിഷേധം കടുപ്പിക്കാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുന്നത്. കാര്യങ്ങള്‍ കൈ വിട്ടു പോകരുത് എന്നാണ്, സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും നല്കിയ നിര്‍ദേശം.
സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്പോള്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം. എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം യുവതികള്‍ മല ചവിട്ടാന്‍ എത്തുമോ, വന്നാല്‍ പ്രതിഷേധക്കാര്‍ തടയുമോ ഇതാണ് പ്രധാന ചര്‍ച്ച.
അതേസമയം, നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടത്തും. ഹിന്ദു ഐക്യ വേദി അടക്കം ഉള്ള സംഘടനകളുടെ കൂട്ടായ്മ ശബരിമല കര്‍മ്മ സമിതി എരുമേലിയിലും നിലക്കലിലും നാളെ രാവിലെ മുതല്‍ ഉപവസിക്കും. അയ്യപ്പ ധര്‍മ സേന പമ്പ നിലക്കല്‍ എരുമേലി എന്നിവിടങ്ങളില്‍ നാളെ രാവിലെ മുതല്‍ 125 മണിക്കൂര്‍ പ്രതിരോധം തീര്‍ക്കും. എന്നാല്‍ പമ്പ നിലക്കല്‍ എരുമേലി സന്നിധാനം അടക്കം എല്ലായിടത്തും കനത്ത സുരക്ഷ ഒരുക്കാന്‍ ആണ് പോലീസ് നീക്കം.