തിരുവനന്തപുരം: എഎംഎംഎയുമായുള്ള ഡബ്ല്യൂസിസിയുടെ തുറന്ന പോര് ശക്തമാകുന്നു. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലേക്കു തിരികെ പ്രവേശിക്കുന്നതിനായി മാപ്പുപറയാന്‍ ഒരുക്കമല്ലെന്ന് നടി രമ്യ നമ്പീശന്. സംഘനയിലേക്കു തിരികെപോകാന്‍ അപേക്ഷ നല്‍കില്ലെന്നും കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും രമ്യ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ സംഘടനയോടു മാപ്പു പറയില്ല. തിരിച്ചെടുക്കാനായി അപേക്ഷയും നല്‍കില്ല. കെപിഎസി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്. എല്ലാം സഹിച്ചാല്‍ മാത്രമേ സംഘടനയ്ക്കുള്ളില്‍ നിലനില്ക്കാന് സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്കതിനു സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ചു നില്ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല- രമ്യ പറഞ്ഞു.
എഎംഎംഎ സംഘടന ആരുടെ കൂടെ നില്ക്കുന്നു എന്നത് വ്യക്തമാണെന്നും ഇത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
സ്വയം രാജിവച്ചു സംഘടനയില്‍ നിന്നും പുറത്തു പോയവരെ തിരിച്ചു വിളിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും എഎംഎംഎ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പുറത്തുപോയവര്‍ മാപ്പു പറയട്ടെയെന്നു കെപിഎസി ലളിതയും കൂട്ടിച്ചേര്‍ത്തു.