കൊച്ചി: ജഗദീഷ് പറഞ്ഞതാണോ സിദ്ദീഖ് പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് എഎംഎംഎ തന്നെ വ്യക്തമാക്കട്ടെയെന്ന് ഡബ്ലിയുസിസി അംഗം പാര്‍വ്വതി. ജഗദീഷ് അമ്മയുടെ പ്രതിനിധിയല്ലെന്ന് സിദ്ദീഖ് തന്നെ പറയുന്നു. സംഘടനയില്‍ തന്നെ ഒരു വ്യക്തത വന്നതിന് ശേഷം താരസംഘടനയ്ക്കുള്ള മറുപടി കൃത്യസമയത്ത് തന്നെ നല്‍കുമെന്നും പാര്‍വ്വതി പറഞ്ഞു.
നേരത്തെ നടന് സിദ്ദീഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷിന്റെ പത്രക്കുറിപ്പിനെ തള്ളി സിദ്ദീഖ് രംഗത്തെത്തിയിരുന്നു. ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ജഗദീഷിന്റെ വാര്‍ത്താകുറിപ്പ് കണ്ടിട്ടില്ല. എന്താണ് അതില്‍ പറഞ്ഞതെന്ന് അറിയില്ല. താന്‍ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ഡബ്ലിയുസിസി മറുപടി നല്കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ധിഖിന്റെ വാദത്തെ തള്ളി നടന് ജഗദീഷ് രംഗത്തെത്തി. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് പ്രതികരിച്ചു. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നു. താന്‍ അമ്മ വക്താവ് തന്നെ എന്ന് ജഗദീഷ് വ്യക്തമാക്കി. അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.