ചവറ: ശബരിമല സ്ത്രീപ്രവേശനത്തില്‍ സ്ത്രീകള്‍ക്കെതിരേ നടന് കൊല്ലം തുളസി നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചവറ പോലീസ് അന്വേഷണം ആരംഭിച്ചു. എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്കിയ സ്വീകരണത്തിലായിരുന്നു വിവാദപ്രസംഗം.
സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവുശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടും.
വിധിപറഞ്ഞ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും സന്നിധാനത്ത് എത്തുന്ന സ്ത്രീകളെ രണ്ടായി
വലിച്ചുകീറണമെന്നും അതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കണമെന്നുമായിരുന്നു വിവാദ പ്രസംഗം.