തൃശൂര്‍: കൊരട്ടിയിലും ഇരുമ്പനത്തും എടിഎമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന സംഘം ധന്‍ബാദ് എക്സ്പ്രസില്‍ കയറി കേരളം വിട്ടെന്നു സൂചന. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പാസഞ്ചര്‍ ട്രെയിനില്‍ കയറി തൃശൂരിലെത്തിയശേഷം ധന്‍ബാദിലേക്കു ടിക്കറ്റ് എടുത്ത് ആലപ്പി-ധന്‍ബാദ് എക്സ്പ്രസില്‍ പോയെന്നാണ് പോലീസ് കണ്ടെത്തല്‍. ഏതെങ്കിലും സ്റ്റേഷനില്‍വച്ചു പിടിയിലാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ ഇടയ്ക്കെവിടെയെങ്കിലും ഇറങ്ങിയിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു.
കൊരട്ടിയിലെ കവര്‍ച്ചയ്ക്കു ശേഷം ചാലക്കുടി ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ വാന്‍ ഉപേക്ഷിച്ച് ഏഴംഗസംഘം റെയില്‍വേ സ്റ്റേഷനിലേക്കു നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. വസ്ത്രംമാറി സ്റ്റേഷനിലെത്തിയ ഇവര്‍ പാസഞ്ചറില്‍ കയറി തൃശൂര്‍ സ്റ്റേഷനിലെത്തിയാണ് ധന്‍ബാദ് എക്സ്പ്രസില്‍ മാറിക്കയറിയത്.
ധന്‍ബാദ് എക്സ്പ്രസിനു ചാലക്കുടിയില്‍ സ്റ്റോപ്പ് ഇല്ലാത്തതാകാം കാരണം. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ മാത്രമേ പതിഞ്ഞിട്ടുള്ളൂ. മറ്റു നാലുപേര്‍ നിരീക്ഷണ ദൗത്യത്തിലായിരുന്നു എന്ന കണക്കുകൂട്ടലിലാണ് പോലീസ്.
എടിഎം കവര്‍ച്ച നടന്നത് കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ മൂന്നിടങ്ങളില്‍ എടിഎം കവര്‍ച്ച ചെയ്ത അതേ മാതൃകയിലാണ് കൊരട്ടിയിലെയും ഇരുമ്പനത്തും കവര്‍ച്ചകള്‍. ഹരിയാന മേവാറിലെ ഷിക്കര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സംഘമാണ് ആലപ്പുഴയില്‍ കവര്‍ച്ച നടത്തിയത്. സമാനതകള്‍ കണക്കിലെടുത്ത് ഷിക്കര്‍പൂര്‍ സംഘത്തില്‍പ്പെട്ടവരോ ഇവരുമായി ബന്ധമുള്ളവരോ ആകാം പ്രതികളെന്നു പോലീസ് സംശയിക്കുന്നു.
ആലപ്പുഴയില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 25ന് ആയിരുന്നു മൂന്ന് എടിഎമ്മുകളില്‍ മോഷണം നടന്നത്. ചെങ്ങന്നൂര്‍ പടനിലത്തെ എടിഎം കൗണ്ടര്‍ തകര്‍ത്ത് 3.69 ലക്ഷം രൂപ മോഷ്ടിച്ച സംഘം, കഞ്ഞിക്കുഴിയിലും രാമപുരത്തും കവര്‍ച്ചാശ്രമം നടത്തി. ഹരിയാനയിലെ ഷിക്കര്‍പൂരില്‍ നിന്ന് ഏപ്രില്‍ മധ്യത്തോടെ വാനിലാണു സംഘം കേരളത്തിലെത്തിയത്. ഡല്‍ഹി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ അസ്ലബ് ഖാന് ആയിരുന്നു കൊള്ളസംഘത്തലവന്.
ഡല്‍ഹി റജിസ്ട്രേഷനിലുള്ള വാനില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് ആലപ്പുഴയില്‍ കവര്‍ച്ച നടത്തിയത്. വാനില്‍ തന്നെ സംഘം കേരളം വിടുകയും ചെയ്തു. ഇതേ മാതൃകയില്‍ തന്നെയാണ് കൊരട്ടിയിലും ഇരുമ്പനത്തും മോഷണം നടന്നത്. ഒരേദിവസം ഒന്നിലധികം എടിഎം എന്നതാണ് ഇവരുടെ രീതി. ഒരു വ്യത്യാസം മാത്രം, ഇത്തവണ ഉപയോഗിച്ചതു മോഷ്ടിച്ച വാന്‍ ആയിരുന്നു. ഇതേ രാത്രി തന്നെ കളമശേരിയിലും കോട്ടയത്തും എടിഎമ്മുകളില്‍ മോഷണശ്രമം നടന്നിട്ടുണ്ട്. മോഷണരീതി സമാനം.