കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവര്‍ച്ച നടത്തിയ സംഘം രക്ഷപ്പെട്ടത് കോട്ടയത്തുനിന്നും മോഷ്ടിച്ച വാഹനത്തില്‍. കോട്ടയം രജിസ്ട്രേഷനിലുള്ള (kL5AA 4458) പിക്അപ് ആണ് എടിഎം കവര്‍ച്ചക്കാര്‍ മോഷ്ടിച്ചത്.
കോട്ടയം കോടിമതയിലെ പിജെജി വെജിറ്റബിള്‍സിന്റെ വാഹനമാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചത്. വാഹനം മോഷണം പോയതായി കഴിഞ്ഞ ദിവസം പിജെജി വെജിറ്റബിള്‍സ് ഉടമകള്‍ പോലീസില്‍ അറിയിച്ചിരുന്നു. ഈ വാഹനം മോഷ്ടാക്കള്‍ ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പാലിയേക്കര ടോള്‍ വഴി കവര്‍ച്ചക്കാര്‍ കടന്നുപോയിട്ടില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃശൂരിലും പരിസരപ്രദേശത്തും തെരച്ചില്‍ ശക്തമാക്കിയത്. വൈകുന്നേരത്തോടെ മോഷ്ടാക്കള്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം ചാലക്കുടിയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞദിവസം തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലും കൊച്ചി ഇരുമ്പനത്തെ എസ്ബിഐയുടെ എടിഎമ്മിലുമാണ് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കൊരട്ടിയില്‍ നിന്ന് 10 ലക്ഷവും എസ്.ബി.ഐയില്‍ നിന്ന് 25 ലക്ഷം രൂപയുമാണ് നഷ്ടമായത്. ഇത് കൂടാതെ കോട്ടയത്തേയും എറണാകുളം കളമശേരിയിലെയും എസ്ബിഐയുടെ എടിഎമ്മുകളും കവര്‍ച്ച ചെയ്യാന്‍ സംഘം ശ്രമിച്ചു. എന്നാല്‍ എറണാകുളത്ത് എടിഎമ്മില്‍ അലാറം അടിച്ചതിനാല്‍ മോഷ്ടാക്കള്‍ ശ്രമം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. എടിഎമ്മിനടുത്തുള്ള സിസിടിവി ക്യാമറിയില്‍ സ്പ്രേ പെയിന്റ് അടിച്ച ശേഷം രണ്ടുപേര്‍ എടിഎമ്മില്‍ പ്രവേശിച്ച് കൃത്യം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവര്‍ ഉത്തരേന്ത്യക്കാരാണെന്നാണ് പോലീസ് പറയുന്നത്.