കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ പ്രയോഗിച്ച രണ്ട് വാക്കുകളാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. ‘ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോഡി’ എന്ന തരൂരിന്റെ പുതിയ പുസ്തകം അവതരിപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തരൂര്‍ ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് എന്ന വാക്ക് പ്രയോഗിച്ചത്.
അത് കണ്ട് അന്തിച്ചുപോയവര്ക്കുവേണ്ടി അതിലുംവലിയ ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയ എന്ന വാക്കുപയോഗിച്ച് ക്ഷമചോദിക്കുക കൂടി ചെയ്തതോടെ ട്രോളന്മാര്ക്ക് ആഘോഷിക്കാനുള്ള അവസരമായി.
മൂല്യം മനസിലാക്കാതെ തള്ളിക്കളയുകയെന്നാണ് ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് എന്ന വാക്കിന്റെ അര്‍ഥം. ഇംഗ്ലീഷിലെ ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള വാക്കില്‍ ഉള്‍പ്പെടുന്ന 29 അക്ഷരങ്ങളുള്ള ഈ വാക്ക് കണ്ട് സോഷ്യല്‍മീഡിയ ഞെട്ടിയിരിക്കുമ്പോഴാണ് 35 അക്ഷരങ്ങളുള്ള വാക്കുമായി വന്നത്.
ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയ എന്നാല്‍ വലിയ വാക്കുകളുടെ ഭയമെന്നാണ് അര്‍ഥം. സാധാരണക്കാര്‍ കേട്ടിട്ടുപോലുമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചുള്ള തരൂരിന്റെ ട്വീറ്റുകളെ ഇരുകൈയ്യും നീട്ടിയാണ് ട്രോളന്മാര് സ്വീകരിച്ചിരിക്കുന്നത്.