ശാസ്താംകോട്ട: കൊല്ലത്ത് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍പി സ്കൂളിലെ അധ്യാപിക അനിത സ്റ്റീഫനെ (39) ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് ആഷ്ലി സോളമന് (45) അറസ്റ്റിലായത്.
കൊലപാതകശേഷം ഒളിവില്‍ പോയ ഇയാള്‍ പത്തനംതിട്ട വഴി കോട്ടയത്തേക്കും തുടര്‍ന്ന് കാസര്‍കോട്ടേക്കും പോയി. മൊബൈല്‍ ഫോണ്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തില്‍ സൈബര്‍ വിഭാഗമാണ് നിരീക്ഷണം നടത്തിയത്. കൊല്ലം ജില്ലയിലേക്ക് പ്രതി മടങ്ങിയെത്തുന്നതായി വിവരം ലഭിച്ച അന്വേഷണസംഘം കാറില്‍ പോകുകയായിരുന്ന ഇയാളെ കടപുഴയ്ക്കു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.
അനിതയും ചവറ സ്വദേശിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി ആഷ്ലിയുമായി നിരന്തര തര്‍ക്കത്തെ തുടര്‍ന്ന് ആണ് കൊലപാതകം നടത്തിയത്. ചിരവ കൊണ്ടു തലയ്ക്കടിച്ച ശേഷം കഴുത്തില്‍ ഷാള്‍ കൊണ്ടു മുറുക്കിയാണ് അനിതയെ കൊലപ്പെടുത്തിയത്.
അനിതയ്ക്കുവേണ്ടി കാമുകന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. കാമുകനോടൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് അനിത സംഭവദിവസം പറഞ്ഞു. കൊലപാതകം നടന്ന ദിവസം കാമുകന് അനിതയെ കാണുന്നതിനായി വീടിനു സമീപം എത്തി. ഇതിലുള്ള പ്രകോപനം നിമിത്തം പ്രതി അനിതയെ ചിരവകൊണ്ട് ആദ്യം തലയ്ക്കടിച്ചു. മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചതായും ശാസ്താംകോട്ട പോലീസ് പറഞ്ഞു.