തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നേടിയെടുത്തത് ആര്‍എസ്എസിന്റെ വനിതാ വിഭാഗമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ ആര്‍ക്കും തടയാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് 12 വര്‍ഷം പ്രക്ഷോഭം നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി നേടിയതിന് ശേഷം ജനങ്ങളെ തെരുവില്‍ ഇറക്കുന്നതും അക്രമം അഴിച്ചു വിടുന്നതും ശരിയായ കാര്യമല്ല. വിധിക്കെതിരെ നിയമം, കൊണ്ട് വരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബിജെപി ആണ്’- കടകംപള്ളി പറഞ്ഞു.
”ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നുണ്ട്. ഇത്തരം ഒരു വിഷയത്തില്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണ് ശരി. അല്ലാതെ തെരുവില്‍ ഇറങ്ങി സമരം ചെയ്യുകയല്ല വേണ്ടത്. സാമൂഹിക മാറ്റങ്ങള്‍ ഉണ്ടായപ്പോളെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ആരുമായും ചര്‍ച്ചയക്ക് തയ്യാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുത്’- അദ്ദേഹം പറഞ്ഞു.