താനൂര്‍: താനൂരിലെ മത്സ്യത്തൊഴിലായി സവാദിന്റെ ഞെട്ടിക്കുന്ന കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സൗജത്തുമായി ഗള്‍ഫിലേക്ക് കടക്കാനായിരുന്നു മുഖ്യപ്രതി ബഷീറിന്റെ പദ്ധതി. എന്നാല്‍ ഭര്‍ത്താവിന്റെ മരണ ശേഷമേ ഒപ്പം വരൂ എന്ന് സൗജത്ത് നിര്‍ബന്ധം പിടിച്ചതോടെയാണ് കൊലപാതകത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.
ഒരു മാസം മുന്‍പു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സവാദിനെ കൊല്ലാന്‍ സൗജത്ത് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മണ്ണെണ്ണ കലര്‍ന്നെന്നു പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചതോടെ പദ്ധതി പാളി. കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടര്‍ന്ന് സവാദിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കാനുമായിരുന്നു നീക്കം. സവാദിനെ കൊന്നുകഴിഞ്ഞാല്‍ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാമെന്ന് സൗജത്ത് വാക്കു കൊടുക്കുകയും ചെയ്തു.
എന്നാല്‍ കൊലപാതക ശ്രമത്തിനിടെ നിലവിളികേട്ട് സവാദിന്റെ മകള്‍ ഉണര്‍ന്നതോടെ പദ്ധതി പാളിയെന്നും മൊഴിയിലുണ്ട്. ഡിവൈഎസ്പി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലാണ് ബഷീറിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാന്‍ ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീര്‍ തിങ്കളാഴ്ചയാണ് പോലീസില്‍ കീഴടങ്ങിയത്.
പത്രമാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ബഷീറിന്റെ ഫോട്ടോ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാര്‍ജയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്.
ഷാര്‍ജയില്‍ ഫയര്‍ സ്റ്റേഷനില്‍ ഷെഫിന്റെ ജോലി ചെയ്യുന്ന ബഷീര്‍ കൊല നടത്തിയതിനുശേഷം വ്യാഴാഴ്ച രാത്രിയോടെതന്നെ വിദേശത്തേക്ക് തിരിച്ചുപോയിരുന്നു.
ഒക്ടോബര്‍ നാലിനു പുലര്‍ച്ചെയാണ് താനൂര്‍ തെയ്യാല മണലിപ്പുഴയില്‍ താമസിക്കുന്ന പൗറകത്ത് കമ്മുവിന്റെ മകന് സവാദിനെ ഭാര്യയും സുഹൃത്തായ ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സവാദിനെ കൊലപ്പെടുത്താനായി ബഷീര്‍ മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. ഉറങ്ങികിടന്ന സവാദിനെ ബഷീര്‍ തലക്കടിക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയുമായിരുന്നു.
സവാദിനെ കഴുത്തറുത്തുകൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് ഭാര്യ സൗജത്ത് മൊഴി നല്‍കിയിരുന്നു. ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.
സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന് ആയുധവുമായി കോര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന് ഇരുമ്പ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഘാതത്തില്‍ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.