എരുമേലി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. തന്റെ മണ്ഡലമായ പൂഞ്ഞാറിലൂടെ ഒരു യുവതിയെയും ശബരിമലയിലേക്കു പോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാല്‍ വിശ്വാസം സംരക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടണം. ആര്‍ക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയില്‍നിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേര്‍ക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല. കേരളത്തിന്റെ പുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍, വലിയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണം. ഹൈന്ദവ ഭക്തര്‍ക്കു മുകളില്‍ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.
വിശ്വാസ സംരക്ഷണ സത്യഗ്രഹം പന്തളം കൊട്ടാരം പ്രതിനിധി മൂലം തിരുനാള്‍ ശശികുമാര്‍ വര്‍മ ഉദ്ഘാടനം ചെയ്തു. ശബരിമല തന്ത്രി കുടുംബാംഗം താഴമണ്‍ മഠം കണ്ഠര് മോഹനര്, രാഹുല്‍ ഈശ്വര്‍, പൂഞ്ഞാര്‍ കോവിലകം പൂരം നാള് ഉഷ വര്‍മ, ക്നാനായ സഭ റാന്നി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് പരിപാടിയില്‍ സംബന്ധിച്ചവരിലെ പ്രമുഖര്‍.