തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറി. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങ്.
നഷ്ടപരിഹാരം സ്വകാര്യമായല്ല, പരസ്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാരക്കേസ് ഒരുപാട് കാര്യങ്ങള്‍ നല്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് ചാരക്കേസ് ഒരു പാഠമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണം എന്നും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്പരിഹാരം നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. തുടര്‍ന്ന് വിധി നടപ്പാക്കി നമ്പി നാരായണനെ ആദരിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി വിധിച്ചു. നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാനസിക പീഡനത്തിന് നമ്പി നാരായണന് ഇരയായതായും കോടതി നിരീക്ഷിച്ചു.
നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണന് സുപ്രീംകോടതിയെ സമീപിച്ചത്. വാദത്തിനിടെ ഇതിനോട് യോജിച്ച കോടതി 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കുന്ന കാര്യം പരിഗണിക്കാം എന്ന് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. കാല്‍നൂറ്റാണ്ടോളം പഴക്കമുള്ള ചാരക്കേസില്‍ നീതി തേടിയുള്ള നമ്പി നാരായണന്റെ പോരാട്ടത്തിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.