തൃശ്ശൂര്‍: ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ കയറിയിട്ടുണ്ടെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിനെ തുടര്‍ന്ന് സംഘപരിവാര്‍ സൈബറാക്രമണം നേരിടുകയാണ് അഭിരാമി എന്ന കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി.
ആര്‍ത്തവ അശുദ്ധിയില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരം ആചാരങ്ങള്‍ മാറണമെന്നും അഭിരാമി പറയുന്നു. ആര്‍ത്തവ സമയത്തും അമ്പലത്തില്‍ പോകാമെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്ക് നേര് ചര്‍ച്ചയിലാണ് അഭിരാമി തന്റെ നിലപാട് വ്യക്തമാക്കിയത്.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരാരും തന്നെ നേരിട്ട് വന്ന് ആക്രമിക്കുമെന്ന പേടി എനിക്കില്ല, അഭിരാമി പറയുന്നു. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ സ്ത്രീകളെ എല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരുമെന്നും അഭിരാമി പറയുന്നു.
ആര്‍ത്തവസമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്നും പോകാന്‍ താല്പര്യമുണ്ടെന്നും എന്നത് തന്റെ മാത്രം അഭിപ്രായമാണ്. ഇന്ത്യ പോലുള്ള ജനാധിപത്യരാജ്യത്ത് തനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിരാമി വ്യക്തമാക്കുന്നു.
‘ഏഷ്യാനെറ്റ് ന്യൂസിലേ’ നേര്‍ക്കുനേര്‍ എന്ന പരിപാടിയില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പാനലിസ്റ്റ് ആയിരുന്ന ദീപ രാഹുല്‍ ഈശ്വര്‍ എന്ത് കൊണ്ടാണ് ആര്‍ത്തവദിവസം തന്നെ അമ്പലത്തില്‍ പോകാന്‍ ആഗ്രഹിച്ചതെന്ന് അഭിരാമിയോട് ചോദിച്ചു. അതെന്റെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു എന്ന മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്.