താനൂര്‍: മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിന്റെ കാമുകനും പ്രധാന പ്രതിയുമായ ബഷീര്‍ പോലീസില്‍ കീഴടങ്ങി. ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കള്‍ നാട്ടിലെത്തിച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. താനൂര്‍ സിഐ ഷാജിയുടെ നേതൃത്വത്തില്‍ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.
കൊലപാതകം നടത്തി വിദേശത്തേക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്. ഷാര്‍ജയില്‍ ഫയര്‍ സ്റ്റേഷനില്‍ ഷെഫിന്റെ ജോലി ചെയ്യുന്ന ബഷീര്‍ കൊല നടത്തിയതിനുശേഷം വ്യാഴാഴ്ച രാത്രിയോടെതന്നെ വിദേശത്തേക്ക് തിരിച്ചുപോയിരുന്നു.
മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരണങ്ങള്‍ വന്നതോടെ ബഷീറിന് ഷാര്‍ജയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ജോലി സ്ഥലത്തേക്കും എത്താന്‍ പറ്റിയിരുന്നില്ല. പ്രവാസി സംഘടനകള്‍ ഇയാളെ പിടികൂടുന്നതിന് വ്യാപക പ്രചാരണങ്ങളും നടത്തി. തുടര്‍ന്ന് ബന്ധുക്കളുടെ തന്നെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പാണ് താനൂര്‍ തെയ്യാല മണലിപ്പുഴയില്‍ താമസിക്കുന്ന പൗറകത്ത് കമ്മുവിന്റെ മകന് സവാദിനെ ഭാര്യയും സുഹൃത്തായ ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സവാദിനെ കൊലപ്പെടുത്താനായി ബഷീര്‍ മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. ഉറങ്ങികിടന്ന സവാദിനെ ബഷീര്‍ തലക്കടിക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയുമായിരുന്നു.
സംഭവത്തില്‍ സൗജത്തും ബഷീറിന് സഹായം ചെയ്ത് നല്കിയ സുഫിയാനെന്നയാളേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല നടത്താന്‍ രഹസ്യമായി മംഗലാപുരത്തെത്തി ശേഷം മംഗലാപുരം വഴിയാണ് പ്രതി വിദേശത്തേക്ക് കടന്നത്.
സവാദിനെ കഴുത്തറുത്തുകൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് ഭാര്യ സൗജത്ത് മൊഴി നല്‍കിയിരുന്നു. ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.
സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന് ആയുധവുമായി കോര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന് ഇരുമ്പ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തില് സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.
ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയല്‍വാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ ഞെട്ടലോടെ കൊലപാതക സംഭവമറിയുന്നത്.