കയ്പമംഗലം: മതിലകത്ത് 145 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും അടക്കം വന്‍ കവര്‍ച്ച നടത്തിയ വീട്ടില്‍ എട്ട് സിസിടിവി ക്യാമറകളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡിവിആര്‍ യൂണിറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്. മോഷണം നടന്ന സമയത്ത് ക്യാമറകളില്‍ ഒന്നുപോലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച സന്ധ്യയ്ക്കു വീശിയടിച്ച ചുഴലിക്കാറ്റാണ് മോഷ്ടാക്കള്‍ക്ക് സഹായകമായത്. ചുഴലിക്കാറ്റും മഴയും മൂലം പ്രദേശത്ത് വൈദ്യുതി നിലച്ചതാണ് സിസിടിവി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ഇന്‍വെര്‍ട്ടര്‍ ഉണ്ടെങ്കിലും വെള്ളപ്പൊക്കസമയത്ത് കേടുവന്നതിനാല്‍ അതും പ്രവര്‍ത്തിച്ചില്ല.
മതിലകം കനോലി കനാലിനു സമീപം ധാരാളം സമ്പന്നരുടെ വീടുകളുണ്ട്. നല്ല മുന്തിയ വീടുകളുണ്ട്. പ്രവാസി മലയാളികള്‍ ഏറെ കഷ്ടപ്പെട്ട് നാട്ടിലുണ്ടാക്കിയ വീടുകള്‍. ചുഴലിക്കാറ്റ് നാടിനെ ഇരുട്ടിലാക്കിയപ്പോള് കള്ളന്മാരുടെ ‘വഴിതെളിഞ്ഞു’.
മതിലകം പാലത്തിനടിയില്‍ കനോലി കനാലിന്റെ തീരത്താണ് മോഷണം നടന്ന മംഗലംപിള്ളി അബ്ദുല്‍ അസീസിന്റെ വീട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ബിസിനസുകാരനാണ് അബ്ദുള്‍ അസീസ്. ആന്‍ഡമാനില്‍ നിന്ന് ഈയിടെയാണ് നാട്ടില്‍ എത്തിയത്. ചെന്നൈയില്‍ ബിസിനസ് ആവശ്യത്തിന് പോയതായിരുന്നു.
ഭാര്യയും മക്കളും വീട്ടില്‍ തനിച്ചാണ്. ഇതിനിടെയാണ്, ചുഴലിക്കാറ്റ് വീശി കറന്റ് പോയത്. വീട്ടില്‍ കറന്റില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ താമസിക്കാന്‍ അബ്ദുള്അസീസ് ഭാര്യയോടും മക്കളോടും പറഞ്ഞു. അങ്ങനെയാണവര്‍, സ്വന്തം വീട് പൂട്ടി ബന്ധുവീട്ടില്‍ പോയത്.
അസീസിന്റെ നാല് സഹോദരന്മാരുടെ വീടും അടുത്തടുത്താണ്. അസീസിന്റെ വീട്ടില്‍ മാത്രമേ സിസിടിവിയുള്ളൂ. പറമ്പില്‍പോലും ആരെങ്കിലുമെത്തിയാല്‍ അറിയാവുന്ന തരത്തിലാണ് എട്ട് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കസമയത്ത് ഈര്‍പ്പം തട്ടിയാണ് ഇന്‍വെര്‍ട്ടര്‍ കേടായത്. ഇത് നന്നാക്കാന്‍ നോക്കിയെങ്കിലും ആളെ കിട്ടിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഡിവിആര്‍ നഷ്ടപ്പെട്ടെങ്കിലും ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഗൂഗിള്‍ ഡ്രൈവില്‍ ലഭ്യമാകുമായിരുന്നു.
വീട്ടിലെ പ്രധാന കിടപ്പുമുറിയിലെ അലമാരയിലാണ് സിസിടിവിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്ന ഡിവിആര്‍. സൂക്ഷിച്ചിരുന്നത്. വീടിന്റെ പലഭാഗത്തും സിസിടിവി ക്യാമറകള്‍ ശ്രദ്ധയില്‍പ്പെട്ട മോഷ്ടാക്കള്‍ വിദഗ്ധമായി ഹാര്‍ഡ് ഡിസ്കടക്കം കൊണ്ടുപോവുകയായിരുന്നു. പരിസരങ്ങളിലെ വീടുകളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ഇനി കള്ളനിമാരിലേക്കെത്താനുള്ള പോംവഴി.
കവര്‍ച്ച നടന്ന വീട്ടില്‍ ചെളി ചവിട്ടിക്കയറി അടയാളങ്ങളുണ്ട്. കള്ളന്മാര് കനോലി കനാല്‍ വഴി വന്നതാകാം ഇതിനു കാരണം. വീടിന്റെ ലോക്ക് പൊളിച്ച ശബ്ദമൊന്നും അയല്പക്കത്തുള്ളവര് കേട്ടിട്ടില്ല. വീട്ടില്‍ ആളില്ലെന്നു കള്ളന്മാര്ക്ക് തോന്നിക്കാണും. കാരണം, കറന്റില്ലെങ്കിലും ഇന്വെര്ട്ടറില് വെളിച്ചമുണ്ടാകുമെന്ന് കള്ളന്മാര് ഊഹിച്ചിരിക്കണം. വീടിനകത്ത് ഇരുട്ടു കണ്ടതോടെ കവര്‍ച്ചാസംഘം ഈ വീടുതന്നെ തിരഞ്ഞെടുത്തിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.