ശബരിമല: ശബരിമലയില്‍ വനിതാ പോലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഡിജിപിയുമായി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
തുലാമാസ പൂജയ്ക്ക് മുന്നോടിയായി പമ്പയില്‍ പ്രത്യേക ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധരായ 40 പേരുടെ വനിതാപോലീസുകാരുടെ പട്ടിക വിവിധ ജില്ലാ പോലീസ് മേധാവി ഇന്നലെ പോലീസ് ആസ്ഥാനത്തേക്ക് അയച്ചിരുന്നു. പട്ടികയിലുള്ള 30 പേരെ ഈ മാസം 14, 15 തിയതികളില്‍ ശബരിമലയില്‍ എത്തിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതിന് പിന്നാലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ തത്കാലം പമ്പവരെ നിയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ആവശ്യമെങ്കില്‍ മാത്രം വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിക്കും. ഇക്കാര്യത്തില്‍ പിന്നീടാണ് തീരുമാനമെടുക്കുക.
പമ്പയില്‍ വനിതാ പോലീസിനെ നിയോഗിക്കാമെന്ന് രഹസ്യാന്വേഷണവിഭാഗം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സന്നിധാനത്തും, നിലയ്ക്കലിലും, പമ്പയിലും വനിതാ പോലീസുകാരെ നിയോഗിക്കുന്ന കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.
സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഡിജിപിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് കൂടിക്കാഴ്ച. വനിതാ പോലീസിനെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.