കൊച്ചി: കോടതി വിധിയുള്ളതിനാല്‍ ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍ വാസു. തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിന് തടസമില്ല. സ്ത്രീകളെ തടയാന്‍ പമ്പയില്‍ ജീവനക്കാരെ നിയോഗിക്കുന്നത് പുനരാലോചിക്കും.
പമ്പയില്‍ സ്ത്രീകള്‍ക്ക് സ്നാനത്തിനുള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ വനിതാ പോലീസിനെ നിയോഗിക്കുന്ന കാര്യം ഡിജിപിയുമായി സംസാരിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ അറിയിച്ചു
ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ഇതിനിടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. പക്ഷേ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബവും പന്തളം രാജകുടുംബവും അറിയിച്ചു.