മലപ്പുറം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലേക്ക് പുതുചരിത്രം കുറിച്ച് മോനിഷ. അവളുടെ കഠിനാധ്വാനത്തെ ചേര്‍ത്ത് പിടിച്ച് മലപ്പുറത്തിന്റെ സ്നേഹം. കേരളത്തിലെ ആദ്യത്തെ ട്രാന്സ്ജന്ഡര് ഭവനം സ്വന്തം നാട്ടില്‍ തന്നെ നിര്‍മ്മിച്ച് വീടിന്റെ പാലുകാച്ചലിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി ആഘോഷമാക്കിയിരിക്കുകയാണ് മോനിഷ.
മലപ്പുറം ഇടിമുഴിക്കലില്‍ പണികഴിപ്പിച്ച ‘ശേഖരീയം’ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മോനിഷയ്ക്ക് വലിയ പിന്തുണയുമായി കൂടെ നില്‍ക്കുന്നത് വീട്ടുകാരും നാട്ടുകാരും തന്നെയാണ്. മോനിഷയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ക്കും സുഹൃത്തുക്കള്‍ക്കും അതിശയവും സന്തോഷവും അടക്കാനായില്ല. അച്ഛന്റെ ഓര്‍മ്മയ്ക്കായി അച്ഛന്റെ പേര് ചേര്‍ത്ത് ‘ശേഖരീയം’ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.
ജനിച്ചനാടും വീടും ഉപേക്ഷിച്ചു ട്രാന്സ്സമൂഹം തെരുവില്‍ അഭയം തേടുമ്പോള്‍ മോനിഷ എല്ലാവര്ക്കും ഒപ്പം സ്വന്തം വീട്ടില്‍ തന്നെയാണ്. അമ്മയും ചേച്ചിമാരും കുടുംബക്കാരും മോനിഷയുടെ ഗൃഹപ്രവേശനം ആഘോഷമാക്കി, നാട്ടുകാരുടെ സഹായസഹകരണം എടുത്തു പറയണം. ആരും മോനിഷയെ നാട്ടില്‍ നിന്നും ആട്ടിയോടിച്ചില്ല, പകരം ആവും വിധം ഒപ്പം നിന്നു, മേക്കപ്പ് ജോലിക്കുപോയും കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലുടെയും മോനിഷ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു.
വീടിന്റെ പാലുകാച്ചലിന് ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളും എത്തിയിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും സഹകരണം കണ്ട് അദ്ഭുതപ്പെട്ടുപോയെന്ന് മോനിഷയുടെ സുഹൃത്തും ട്രാന്‍സ്ജെന്‍ഡറുമായ സൂര്യ പറഞ്ഞു. ‘ഇവിടെ ഇലക്ഷന് നിന്നാല്‍ മോനിഷ ജയിക്കും. അത്ര പിന്തുണയാണ് ഇവിടത്തെ നാട്ടുകാര്‍ നല്‍കുന്നത്. ഞാനൊക്കെ ജനിച്ച നാട്ടില്‍ നിന്ന് എന്നെ നാട്ടുകാര്‍ അടിച്ചോടിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ളവരാണ് ഞങ്ങള്‍ ഓരോരുത്തരും. എന്നാല്‍ മോനിഷ സ്വന്തം നാട്ടില്‍ വീടുവെച്ചപ്പോള്‍ അതിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ക്ക് നമസ്കാരം’, സൂര്യ പറഞ്ഞു.
ട്രാന്‍സ് സമൂഹത്തിന്റെ സാമൂഹിക പുരോഗതിയുടെ അഭിമാനസ്തംഭം ആയിരിക്കും എക്കാലവും ഇടിമൂഴിക്കലിലെ ‘ശേഖരീയം’ വീട്.