തൃശ്ശൂര്‍: ”പ്രിയപ്പെട്ട സച്ചിന്, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്കൂളിലൊക്കെ ഒന്നു കയറണം.., പിന്നെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ ഒന്നിനും കൊള്ളാത്ത കുറേ കളിക്കാരുണ്ട് അവരെയൊക്കെ ഒന്നു മാറ്റണം…” അഞ്ചാം ക്ളാസ് വിദ്യാര്‍ഥി മിഥുന് എം മേനോന് ക്രിക്കറ്റ് ദൈവം സച്ചിന് തെന്ഡുല്ക്കറിനെഴുതിയ കത്തിലെ വരികളാണിത്.
പുറനാട്ടുകര ശ്രീരാമകൃഷ്ണ ബോയ്സ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയാണ് മിഥുന്.
തന്റെ നേരെ പാഞ്ഞുവരുന്ന എന്തിനും ബാറ്റ് കൊണ്ടു മറുപടി പറയുന്ന സച്ചിന് മിഥുന്റെ കത്തിനു പേന കൊണ്ടു മറുപടി പറഞ്ഞു. സച്ചിന് എഴുതിയ മറുപടിക്കത്ത് മിഥുനെ ഇപ്പോള്‍ സ്കൂളിലെ താരമാക്കിയിരിക്കുകയാണ്.
‘പ്രിയപ്പെട്ട മിഥുന്,
ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ടാമിന്നിങ്സില്‍ യാത്രകളും മറ്റുമായി തിരക്കിലാണ്. സമയം കിട്ടിയിരുന്നെങ്കില്‍ നിന്റെ സ്കൂളില്‍ വരുമായിരുന്നു. നിങ്ങളെപ്പോലുള്ള ആരാധകരുടെ പിന്തുണയാണെന്റെ കരുത്ത്. എല്ലാ ആശംസകളും. എന്റെ വാല്‍സല്യത്തിന്റെ പ്രതീകമായി ഞാന്‍ ഒപ്പിട്ട, എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതോടൊപ്പം അയയ്ക്കുന്നു – സ്വന്തം സച്ചിന്.’
സച്ചിന് കത്തെഴുതിയതായും മറുപടി കിട്ടിയതായും ഏതോ ഒരു കുട്ടി ഫേസ്ബുക്കില്‍ ഇട്ടതു കണ്ടതാണ് മിഥുനും കത്തയച്ചത്. ചിറ്റിലപ്പിള്ളി കഠാരിപ്പാലം ഐശ്വര്യയില്‍ മനോജിന്റെയും ജയലക്ഷ്മിയുടെയും മകനാണ് മിഥുന്.