വയനാട്: തലപ്പുഴ തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തതിന് പിന്നില്‍ അയല്‍വാസിയുടെ അപവാദപ്രചരണമെന്ന് ആത്മഹത്യാകുറിപ്പ്. തിടങ്ങഴി തോപ്പില്‍ വീട്ടില്‍ വിനോദ് (47), ഭാര്യ മിനി (40), മകള്‍ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ശനിയാഴ്ച രാവിലെ ആറരയോടെ അയല്‍വാസിയുടെ പറമ്പില്‍ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം കടബാധ്യത കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഇവര്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് പിന്നീട് ലഭിച്ചു.
പരസ്ത്രീ ബന്ധമടക്കമുള്ള അപഖ്യാതികള്‍ തന്നെയും കുടുംബത്തെയും കുറിച്ച് നാട്ടില്‍ പറഞ്ഞ് പരത്തിയതിന്റെ വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പോലീസിന് ലഭിച്ചു. വിനോദിന്റെ അയല്‍വാസികളിലൊരാള്‍ക്കെതിരെയാണ് കുറിപ്പുകളിലെ ആരോപണം. ഇദ്ദേഹത്തിന്റെ പേരെടുത്ത് പറയുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. വിനോദിന്റെയും ഭാര്യയുടേതുമായ ഏഴ് കുറിപ്പുകളാണുള്ളത്.
വിനോദിനെയും ഒരു സ്ത്രീയേയും കുറിച്ച് അയല്‍വാസികളോട് ഒരു വ്യക്തി അപവാദപ്രചരണം നടത്തിയതില്‍ മനംനൊന്താണ് താനും കുടുംബവും ജീവനൊടുക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. പോലീസ്, അയല്‍ക്കൂട്ടം, കുടുംബശ്രീ നാട്ടുകാര്‍ തുടങ്ങിയ വിലാസങ്ങളിലേക്കാണ് കത്ത് എഴുതിയത്. മികച്ച കര്‍ഷകനായ വിനോദ് ആത്മഹത്യ ചെയ്യാനിടയാക്കിയ കാരണങ്ങളെ കുറിച്ച് തുടക്കം മുതലേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഒടുവില്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യകുറിപ്പുകളിലാണ് തങ്ങള്‍ ജീവനൊടുക്കാനുണ്ടായിരുന്ന കാരണം വിശദീകരിക്കുന്നത്.
മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ച വ്യക്തിയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പില്‍ പറയുന്നു. പ്രസ്തുത സ്ത്രീയെ സ്വന്തം സഹോദരിയായാണ് കാണുന്നത്. ഭാര്യ മിനിയുടേതായി രണ്ട് കത്തുകളുമുണ്ട്. തന്റെ ഭര്‍ത്താവിനെ തനിക്ക് അത്രയധികം വിശ്വാസമാണെന്നും അപഖ്യാതി പ്രചരിച്ച സ്ഥിതിക്ക് തങ്ങള്‍ ജിവിച്ചിരിക്കുന്നില്ലെന്നും മിനി എഴുതിയതെന്ന് കരുതുന്ന കത്തില്‍ പറയുന്നു. നാല് പേരെയും തോട്ടത്തിലെ കശുമാവിന് ചോട്ടില് കുഴിയെടുത്ത് അടക്കം ചെയ്യണമെന്നും കത്തില്‍ പറയുന്നതായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് കണ്ട് ശീതളപാനീയത്തിന്റെ സാമ്പിള്‍ മെഡിക്കല്‍ ലാബിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.