കൊച്ചി : അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഡബ്ല്യുസിസിയുടെ രണ്ടുമാസം നീണ്ട കാത്തിരിപ്പുകള്‍ക്ക് ഇന്ന് മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനിതാ കൂട്ടായ്മ. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നല്കിയ കത്ത് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി അമ്മ നല്‍കിയിരുന്നില്ല. അതേ സമയം താന്‍ ഇനി സിനിമയുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെയും ഭാഗമായിരിക്കില്ലെന്ന് നടന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. അമ്മ നയം വ്യക്തമാക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉറച്ചുനിന്ന സാഹചര്യത്തില്‍ അടുത്ത എക്സിക്യൂട്ടീവില്‍ മറുപടി നല്‍കാമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉറപ്പുനല്‍കിയിരുന്നു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്ന സാഹചര്യത്തില്‍ അമ്മയുടെ ബൈലോകളില്‍ മാറ്റം വരുത്തണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മോഹല്‍ലാല്‍ ഉറപ്പുനല്‍കിയിരുന്നു. ഇക്കാര്യത്തിലെല്ലാമുള്ള മറുപടികളാണ് ഇന്നത്തെ യോഗത്തില്‍ പ്രതീക്ഷിക്കുന്നത്.
ദിലീപ് വിഷയത്തില്‍ നിര്‍മ്മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയാകുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.