കൊച്ചി: പന്ത്രണ്ടുവര്‍ഷം നീണ്ട പ്രണയം വിവാഹത്തിലെത്തി നില്ക്കുമ്പോള് വെഡ്ഡിങ് ഫൊട്ടോഗ്രഫി എങ്ങനെ വ്യത്യസ്തമാക്കണം എന്ന ചിന്തയായിരുന്നു എലിസബത്തിനും അമലിനും. അങ്ങനെ, ആദ്യമായി കണ്ട, പ്രണയം പൂവിട്ട സ്കൂളില്‍ വീണ്ടും പ്രണയിച്ച് ഓര്‍മകളെ കൂടെക്കൂട്ടി വിവാഹത്തിന് ഒരുങ്ങാനായിരുന്നു എലിസബത്തിന്റെയും അമലിന്റെയും തീരുമാനം.
തങ്ങളുടെ പ്രണയത്തിന്റെ ഓര്‍മകളെ പുനരാവിഷ്കരിക്കാമെന്ന ഐഡിയയുമായി കോട്ടയത്തെ ടൂസ്ഡേ ലൈറ്റ്സ് സ്റ്റുഡിയോയില്‍ ഇവരെത്തി. വിവാഹ ഫൊട്ടോഗ്രഫിയില്‍ പരീക്ഷണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇക്കാലത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ലൊക്കേഷനാക്കി വിവാഹ ഫൊട്ടോഗ്രാഫി നടത്തി വാര്‍ത്തകളിലിടം പിടിച്ച ‘ടൂസ്ഡേ ലൈറ്റ്സ്’ സംഭവം ജോറാക്കി കയ്യില്‍ കൊടുത്തു.
യൂണിഫോമില്‍ മുടി പിന്നിയിട്ടു ബാഗും തൂക്കി എലിസബത്തും ക്ലീന്‍ ഷേവ് ചെയ്ത് അമലും വന്നെത്തി. കൂട്ടുകാരില്ലാത്ത പ്രണയകഥകളില്ലല്ലോ. സുഹൃത്തുക്കളും ആ സ്കൂള്‍ വരാന്തകളില്‍ സ്ഥാനം പിടിച്ചു. പിന്നീട് ഓര്‍മകളിലേക്ക് ഒരു മടക്കം.
12 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും എലിസബത്തിനെ ഒളികണ്ണിട്ട് അമല്‍ നോക്കി. വരാന്തയിലൂടെ കൈകോര്‍ത്തു പിടിച്ചു ഇരുവരും നടന്നു. ബെഞ്ചില്‍ പേരെഴുതി വെച്ചു. പത്ത് ബിയിലെ റോള്‍ നമ്പര്‍ 7 ഉം 38 മായി മാറി. ഒന്നിച്ചു നീങ്ങുന്ന സൈക്കിളുകളുടെ ഇരുവശത്തും നിന്ന് കണ്ണുകള്‍കൊണ്ട് അവര്‍ വീണ്ടും കഥകള്‍ പറഞ്ഞു. കണക്ക് ബുക്കില്‍ കോറിയിട്ട വാക്കുകളിലൂടെ അവന് അവളോടു ചോദിച്ചു ‘വില്‍ യു മാരി മീ’. അന്ന് അതിനു അവള് കൊടുത്ത മറുപടി ഇന്ന് ’03 02 2019′ എന്ന തീയതിയായി ഇവരുടെ കയ്യില്‍ പിടിച്ചിരിക്കുന്ന സ്ലേറ്റിലുണ്ട്.
കിടിലന്‍ ഡയലോഗുകളുള്ള ‘സേവ് ദ ഡേറ്റ്’ വീഡിയോയായി ഈ ചിത്രങ്ങള്‍ മാറും. പുതുമകളും പരീക്ഷണങ്ങളും തുടരുന്ന വെഡ്ഡിങ് ഫൊട്ടോഗ്രഫിയില്‍ ആശയങ്ങള്‍ക്കു പ്രാധാന്യം കൂടിവരുന്ന കാലമാണിത്. വിദേശ ലൊക്കേഷനുകളും ആഡംബര വാഹനങ്ങളൊന്നുമല്ല മികവിന്റെ മാനദണ്ഡമെന്നു വ്യക്തമാക്കിയ ഈ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.