കുന്നംകുളം: തിരുവനന്തപുരത്തെ ബിസിനസ് പൊളിഞ്ഞതോടെ കുന്ദംകുളത്തെത്തി വാടകവീട്ടില്‍ താമസം. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ, അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളര്‍ത്തുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. ഫേസ്ബുക്കിലൂടെ പ്രവാസി യുവാക്കളുമായി സൗഹൃദത്തിലായി ലക്ഷങ്ങള്‍ തട്ടിയെടുത്ത തിരുവനന്തപുരം പോത്തന്‍കോട് വെള്ളാംകൊള്ളി വീട്ടില്‍ പ്രിയ (30)യെ കഴിഞ്ഞ ദിവസം കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജ്വല്ലറിയും ഫിനാന്‍സ് സ്ഥാപനവും തുടങ്ങാനെന്ന് പറഞ്ഞ് 15 പേരില്‍ നിന്നായി 75 ലക്ഷം രൂപയാണ് പ്രിയ തട്ടിയെടുത്തത്. കിരാലൂര്‍ സ്വദേശിയും സൗദിയില്‍ ജോലിക്കാരനുമായ അനില്‍ കുമാറുമായി പ്രിയ ഫേസ്ബുക്കിലൂടെയുണ്ടാക്കിയ ബന്ധമാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. താന്‍ ചാരിറ്റി പ്രവര്‍ത്തകയാണെന്നും മൂന്ന് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ടെന്നും അനില്‍ കുമാറിനെ ധരിപ്പിച്ചു. ഫേസ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് സൗഹൃദം മാറി.
കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസി ഇതു സമ്മതിച്ചു. 20 ലക്ഷം രൂപ പ്രിയയ്ക്കു നല്കി. കുന്നംകുളത്ത് മുറി വാടകയ്ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോള്‍ ചൂണ്ടലില്‍ പ്രിയ ജ്വല്ലറിയെന്ന ബോര്‍ഡ്. പിന്നെ, ഇന്റീരിയര്‍ വര്‍ക്കുകള്‍ നടക്കുന്നു.
തുടര്‍ന്ന് ജ്വല്ലറിയില്‍ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് അനില്‍ കുമാറിന്റെ ബന്ധുക്കളായ പെരിങ്ങോട് സ്വദേശി സന്തോഷില്‍ നിന്ന് 18 ലക്ഷം, സന്തോഷിന്റെ ഭാര്യക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 75000, മറ്റൊരു ബന്ധുവില്‍ നിന്ന് ഏഴ് ലക്ഷം, പെരുമ്പിലാവ് സ്വദേശി സംഗീതില്‍ നിന്ന് അഞ്ച് ലക്ഷം, സെക്യൂരിറ്റി ജോലി നല്‍കാമെന്ന് പറഞ്ഞ് പെരുമ്പിലാവ് സ്വദേശി സുധാകരനില്‍ നിന്ന് 75000,
ജ്വല്ലറിയോടൊപ്പം ധനകാര്യ സ്ഥാപനം തുടങ്ങാമെന്ന് പറഞ്ഞ് കൈപറമ്പ് സ്വദേശി ശ്യാമില്‍ നിന്ന് ഏഴ് ലക്ഷം, കൈപറമ്പ് സ്വദേശികളായ ജിഷ്ണു, പ്രനി, ഡാനിഷ് എന്നിവരില്‍ നിന്നായി അഞ്ച് ലക്ഷം എന്നിങ്ങനെ തട്ടിപ്പ് തുടര്‍ന്നു.
ഇതുകൂടാതെ വ്യാജവിവാഹം കഴിച്ച് ബ്ലാക്ക്മെയിലിംഗും തുടര്‍ന്നു. തിരുവനന്തപുരത്ത് തര്‍ക്കത്തില്‍ കിടക്കുന്ന ഭൂമി കിട്ടാന്‍ വിവാഹ രേഖ വേണം. നേരത്തെ ജ്വല്ലറി തുടങ്ങാന്‍ പണം നിക്ഷേപിച്ച പ്രവാസിയോടാണ് പ്രിയ ഇക്കാര്യം പറയുന്നത്. ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാം. നല്ലൊരു തുക കിട്ടും. പാതി തരാമെന്ന് വാഗ്ദാനവും. പ്രവാസിയാകട്ടെ മകനോട് ഇക്കാര്യം പറഞ്ഞു. ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹം. പിന്നെ, റജിസ്ട്രേഷന്. ഇതെല്ലാം പൂര്‍ത്തിയാക്കി. അവിവാഹിതനായ മകനോട് ഇതു കാര്യമാക്കേണ്ടെന്ന് പ്രവാസിയും. ഈ വിവാഹ രേഖ എന്തിനാണെന്ന്, ഭാവിയില്‍ ഭീഷണിപ്പെടുത്തി തുക തട്ടാനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രിയയുമായി പരിചയപ്പെടുന്ന ഓരോരുത്തരേയും പറഞ്ഞു പറ്റിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്. വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ് പ്രത്യേകത. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കും. കാര്‍ വാടകയ്ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം…. ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും. പണം നഷ്ടപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതി ഇവരെ കുടുക്കിയത്. പലരും കുടുംബക്കാരുടെ സ്വര്‍ണം മുഴുവന്‍ പണയം വെച്ചാണ് ഇവര്‍ക്ക് പണം നല്‍കിയത്.
നേരത്തെ, തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നല്‍കാനുണ്ടെന്ന ഒരു പരാതിയില്‍ കുന്നംകുളം പോലീസ് വിളിച്ചപ്പോള്‍ വന്നില്ല. മുങ്ങി. ഇതോടെ, പോലീസിന് സംശയമായി. അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരം പോലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് മനസിലായത്.
ഇതിനിടെ കടയിലെ ജോലിയുമായി ബന്ധപ്പെട്ട് നല്കിയ ചെക്ക് മടങ്ങിയതോടെ നല്കിയ പരാതിയിലാണ് യുവതി കുടുങ്ങിയത്. പ്രിയ ഇവിടെ നിന്ന് സാധനങ്ങളെടുത്ത് കുട്ടികളുമായി മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേച്ചേരിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.