കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗികാരോപണ കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന് പൂര്‍ണ്ണ പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍. സഹായമെത്രാനായ മാര്‍ ജോസ് പുളിക്കലിനൊപ്പം ചേര്‍ന്നാണ് പാല് സബ് ജയിലില്‍ എത്തിയത്. പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
ഫ്രാങ്കോയെ സന്ദര്‍ശിച്ചത് പ്രാര്‍ത്ഥനാ സഹായത്തിനാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് ചോദിച്ചത്. ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ.
കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാര്‍ മാത്യു അറയ്ക്കല്‍ ചോദിച്ചു. ബലാത്സംഗക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന് സഭയുടെ പരിപൂര്‍ണ്ണ പിന്തുണയാണെന്നാണ് മെത്രാന്മാരുടെ സന്ദര്‍ശനത്തോടെ വെളിവാകുന്നത്.