തിരുവനന്തപുരം: സ്ത്രീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്തു.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 500 വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ശബരിമലയില്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കാന്‍ വനിതാ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇവര്‍ക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ഥിക്കും.
തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ തീര്‍ഥാടകരെത്തുന്നതിനാല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിട്ടു നല്‍കാമെന്ന മറ്റ് സംസ്ഥാനങ്ങളുടെ വാഗ്ദാനവും പരിഗണിക്കും. മുതിര്‍ന്ന വനിതാ പോലീസ് ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍.
വനിതാ തീര്‍ഥാടകരുടെ സുരക്ഷക്ക് ഡ്രോണ്‍, കാമറ, മറ്റ് നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിക്കും രൂപം നല്കി. തിങ്കളാഴ്ച സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അറിയിക്കും.